സഞ്ചാരയോഗ്യമായ വഴിയില്ലാതെ കാട്ടുനായ്ക്ക കുടുംബം

സഞ്ചാരയോഗ്യമായ വഴിയില്ലാതെ കാട്ടുനായ്ക്ക കുടുംബം

കല്‍പ്പറ്റ: സഞ്ചാരയോഗ്യമായ വഴി ഇല്ലാതെ കാട്ടുനായ്ക്ക കുടുംബം. തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ മാങ്ങാക്കൊല്ലിയിലുള്ള രാജുവും കുടുംബവുമാണ് സഞ്ചാരസ്വാതന്ത്യനിഷേധം നേരിടുന്നത്. വനാതിര്‍ത്തിയിലുള്ള മാങ്ങാക്കൊല്ലിയിലാണ് രണ്ട് പതിറ്റാണ്ടിലധികമായി രാജുവിന്റെ താമസം. ഭാര്യ മീനാക്ഷിയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. എട്ട് പട്ടികവര്‍ഗ കുടുംബങ്ങളാണ് മാങ്ങാക്കൊല്ലിയില്‍ ഉണ്ടായിരുന്നത്. യാത്രാസൗകര്യത്തിന്റെ അഭാവത്തില്‍ ഏഴ് കുടുംബങ്ങള്‍ വര്‍ഷങ്ങള്‍മുമ്പേ ഗാമം വിട്ടു. എന്നാല്‍ രാജുവും കുടുംബവും മാങ്ങാക്കൊല്ലിയില്‍ ജീവിതം തുടരാന്‍ തീരുമാനിച്ചു.ദീര്‍ഘകാലത്തെ ശ്രമഫലമായി മാങ്ങാക്കൊല്ലിയെ പ്രധാന നിരത്തുമായി ബന്ധിപ്പിച്ച് 300 മീറ്റര്‍ കോണ്‍ക്രീറ്റ് നടപ്പാത നിര്‍മിക്കാന്‍ വനം വകുപ്പ് തിരുനെല്ലി പഞ്ചായത്തിന് അനുമതി നല്‍കി. ഇതേത്തുര്‍ന്ന് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ മാങ്ങാക്കൊല്ലിയിലേക്ക് 10 അടി വീതിയില്‍ വഴി നിര്‍മാണം തുടങ്ങി. ഇതിനിടെ വികസന സെമിനാറിലെ നിര്‍ദേശം പരിഗണിച്ച് മാങ്ങാക്കൊല്ലിയിലേക്ക് ടാര്‍ റോഡ് നിര്‍മിക്കാന്‍ തീരുമാനമായി. ഇതിന് പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി. എന്നാല്‍ ടാര്‍ റോഡ് നിര്‍മാണത്തിനു വനം വകുപ്പ് അനുമതി നിഷേധിച്ചു. ഗുണഭോക്താക്കള്‍ കുറവാണെന്ന കാരണമാണ് ഇതിനു പറഞ്ഞത്. ഇതോടെ മാങ്ങാക്കൊല്ലിയിലേക്ക് കോണ്‍ക്രീറ്റ് പാതയോ ടാര്‍ റോഡോ ഇല്ലാത്ത സ്ഥിതിയായി.രാജുവും കുടുംബവും വഴിയില്ലാതെ വിഷമിക്കുന്നതറിഞ്ഞ കേരള സംസ്ഥാന ഊരു മൂപ്പന്‍ കൗണ്‍സില്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മാങ്ങാക്കൊല്ലിയിലേക്ക് സഞ്ചാരയോഗ്യമായ വഴി നിര്‍മിക്കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ബി.വി. ബോളന്‍, സെക്രട്ടറി കെ. ബാബുരാജ് എന്നിവര്‍ ആവശ്യപ്പെട്ടു. വഴിയുടെ കാര്യത്തില്‍ വനം വകുപ്പും പഞ്ചായത്തും ഉദാസീനത കാട്ടിയാല്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *