ഇക്കോ ഗ്രീന്‍ പാക്കിംഗ് ബോക്‌സ് നിര്‍മാണം സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ വയനാട്ടുകാരന് അവസരം

ഇക്കോ ഗ്രീന്‍ പാക്കിംഗ് ബോക്‌സ് നിര്‍മാണം സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ വയനാട്ടുകാരന് അവസരം

എല്‍ദോ

കല്‍പ്പറ്റ: കരിയിലകളില്‍നിന്നു വേര്‍തിരിക്കുന്ന ഫൈബര്‍ ഉപയോഗിച്ച് ഇക്കോ ഗ്രീന്‍ പാക്കിംഗ് ബോക്‌സ് നിര്‍മിക്കുന്ന സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിന് വയനാട് സ്വദേശിക്ക് അവസരം നല്‍കി കോഴിക്കോട് എന്‍ഐടി. നാഷണല്‍ ബയോടെക് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ വയനാട് മീനങ്ങാടി കൊളഗപ്പാറ പൂവത്തിങ്കല്‍ എല്‍ദോയാണ് ഇക്കോ ഗ്രീന്‍ പാക്കിംഗ് ബോക്‌സ് നിര്‍മാണത്തിനു സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇത് മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തിനു കെമിക്കല്‍ എന്‍ജിനിയറിംഗ് ലാബ് ഉപയോഗപ്പെടുത്താന്‍ എല്‍ദോയ്ക്ക് എന്‍ഐടി അനുമതി നല്‍കി. പ്രത്യേകം ഓഫീസ് അനുവദിച്ചു. എന്‍ഐടി കെമിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം തലവന്‍ ഡോ.ഉണ്ണിക്കൃഷ്ണന്‍ മുന്‍കൈയെടുത്താണ് എല്‍ദോയ്ക്ക് അവസരം ഒരുക്കിയത്. എന്‍ഐടി ആദ്യമായാണ് വയനാട് സ്വദേശിക്ക് ഇന്‍ക്യുബേഷന്‍ സെന്റര്‍ അനുവദിക്കുന്നത്.കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഗ്രാമീണ ശാസ്ത്രജ്ഞനാണ് 42 കാരനായ എല്‍ദോ. വാഴപ്പോളയില്‍നിന്നു നാരുകള്‍ വേര്‍തിരിക്കുന്ന യന്ത്രം, അടയ്ക്കയുടെ തൊണ്ട് സംസ്‌കരിച്ചു പഞ്ഞിപ്പരുവത്തിലാക്കി കിടക്ക, കുഷന്‍ നിര്‍മാണത്തിനു ഉപയോഗിക്കുന്ന വിദ്യ, കയര്‍ പിരിക്കുന്ന യന്ത്രം എന്നിവ ഇദ്ദേഹം മുമ്പ് വികസിപ്പിച്ചിട്ടുണ്ട്. ഈ വിദ്യകള്‍ 2017ല്‍ ഡല്‍ഹി ഐഐടിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. വൃഷങ്ങളുടെയും സസ്യങ്ങളുടെയും ഇലകള്‍ ഉപയോഗിച്ചു പൊട്ട് നിര്‍മിക്കുന്ന സാങ്കേതിക വിദ്യയും എല്‍ദോ വികസിപ്പിച്ചിട്ടുണ്ട്.2014ലെ ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച യുവ ഗ്രാമീണ ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം എല്‍ദോയ്ക്കാണ് ലഭിച്ചത്. 2016ലെ നാഷണല്‍ ഇന്നൊവേഷന്‍ അവാര്‍ഡ്, 2018ലെ സ്‌പൈസസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, കേരള ശാസ്ത്ര ഭവന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സ്വാഭാവിക നാരിനങ്ങള്‍ നിര്‍മിക്കുന്നതിലും അതുപയോഗിച്ചു കരകൗശല വസ്തുക്കള്‍ തയാറാക്കുന്നതിലും എല്‍ദോ വിവിധ സര്‍കലാശാലകളിലും ഗവേഷണ സ്ഥാപനങ്ങൡും പരിശീലനം നല്‍കുന്നുണ്ട്. ഭാര്യ ദിവ്യയും ദിദുല്‍, നിദുല്‍ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *