ലിറ്റിൽ കൈറ്റ്‌സ് പുതിയ ബാച്ചിൽ 66000 കുട്ടികൾ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജൂൺ 15 ന് നടന്ന അഭിരുചി പരീക്ഷയുടെ ആദ്യഘട്ട ഫലം പ്രസിദ്ധപ്പെടുത്തി. 2023 യൂണിറ്റുകളിൽ നിന്നായി 1.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 1937 യൂണിറ്റുകളിൽ നിന്നുള്ള 66603 വിദ്യാർഥികളെയാണ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷാഫലം സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ലോഗിനിൽ ലഭ്യമാണ്.

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, ഐ.ഒ.ടി, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും . ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്ന കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളല്ലാത്ത മറ്റു വിദ്യാർഥികൾക്കും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക്‌സിൽ പരിശീലനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *