പ്രതീക്ഷയോടെ ഭൂസമര കുടുംബങ്ങള്‍

പ്രതീക്ഷയോടെ ഭൂസമര കുടുംബങ്ങള്‍

പുല്‍പ്പള്ളി താഴെക്കാപ്പ് പട്ടികവര്‍ഗ ഊരിലെ നിര്‍മാണം പാതിവഴിയില്‍ നിലച്ച വീട്.

കല്‍പ്പറ്റ: മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാഗം ഒ.ആര്‍. കേളു പട്ടികജാതി-വര്‍ഗ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ വയനാട്ടിലെ ആദിവാസി ഭൂസമര കേന്ദ്രങ്ങളില്‍ പ്രതീക്ഷയുടെ തിരയിളക്കം. പതിറ്റാണ്ടു മുമ്പ് ‘അവകാശം സ്ഥാപിച്ച’ വനഭൂമിയില്‍ യഥാര്‍ഥ അവകാശം ലഭിക്കാന്‍ കേളുവിന്റെ മന്ത്രിപദം ഉതകുമെന്ന വിശ്വാസത്തിലാണ് സമര കേന്ദ്രങ്ങളിലെ ആദിവാസി കുടുംബങ്ങള്‍. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി(എകെഎസ്)അംഗങ്ങളോ അനുഭാവികളോ ആണ് സമരകേന്ദ്രങ്ങളിലെ കുടുംബങ്ങളില്‍ നല്ലൊരു പങ്കും. എകെഎസ് ആഹ്വാനം ചെയ്ത മുറയ്ക്കാണ് പട്ടികവര്‍ഗ കുടുംബങ്ങള്‍ വനഭൂമി കൈയേറി കുടില്‍കെട്ടി ഭൂസമരം തുടങ്ങിയത്. എകെഎസിന്റെ സംസ്ഥാന അധ്യക്ഷനാണ് ഒ.ആര്‍. കേളു. അദ്ദേഹത്തിന് അടുത്തറിയാവുന്നതാണ് വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നം.പട്ടികവര്‍ഗത്തിലെ ഭൂരഹിതര്‍ക്കു പുറമേ സ്വന്തമായി വീടില്ലാത്തവരും വാസയോഗ്യമായ ഭവനം ഇല്ലാത്തവരും കേളു അധികാര സ്ഥാനത്ത് എത്തിയതില്‍ ആശ്വാസം കൊള്ളുന്നുണ്ട്. ലൈഫ് പദ്ധതിയില്‍പോലും ആദിവാസി ഭവന നിര്‍മാണം നടക്കാത്ത സ്ഥിതിയാണിപ്പോള്‍. കാലപ്പഴക്കത്താലും നിര്‍മാണത്തിലെ പിഴവുകള്‍ മൂലവും വാസയോഗ്യമല്ലാതായ അനേകം വീടുകള്‍ ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലുണ്ട്. പ്രവൃത്തി പാതിവഴിയില്‍ നിലച്ച വീടുകള്‍ പുറമേ.ആദിവാസി ക്ഷേമ സമിതിയുടെ(എകെഎസ്) ഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി കാട് കൈയേറിയ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എകെഎസ്് ആഹ്വാനം ചെയ്ത രണ്ടാം ഘട്ട സമരത്തില്‍ നൂറുകണക്കിനു പട്ടികവര്‍ഗ കുടുംബങ്ങള്‍ പങ്കാളികളായത്.എകെഎസ് ഭൂസമരം തുടങ്ങിയ സാഹചര്യത്തിലാണ് ആദിവാസി മഹാസഭ, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി സംഘം, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം തുടങ്ങിയ സംഘടനകളുടെ കൊടിക്കീഴിലും ആദിവാസികള്‍ വനം കൈയേറിയത്.നിലവില്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ആദിവാസി ഭൂസമരം2012 മെയ്, ജൂണ്‍ മാസങ്ങളില്‍ ആരംഭിച്ചതാണ്. കൈയേറ്റം നടന്ന വനപ്രദേശങ്ങളില്‍ ഏറെയും കൃഷിഭൂമിയായി മാറി. എന്നിട്ടും ഭൂമി അളന്നുതിരിക്കാനും കുടുംബങ്ങള്‍ക്കു കൈവശരേഖ നല്‍കാനും നടപടിയില്ല. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സര്‍ക്കാരിനു ലഭിക്കാത്തതാണ് സമരകേന്ദ്രങ്ങളിലെ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈവശ രേഖ നല്‍കുന്നതിനു തടസമെന്നു എകെഎസ് ഉളള്‍പ്പെടെ പട്ടികവര്‍ഗ സംഘടനാ നേതാക്കള്‍ പറയുന്നു.സൗത്ത് വയനാട് വനം ഡിവിഷനില്‍ ഇരുളം, ചീയമ്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയല്‍, ചൂണ്ടേല്‍ ആനപ്പാറ, മേപ്പാടി കുന്നമ്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം. ഇത്രയും സ്ഥലങ്ങളിലായി ഏകദേശം 600 ഏക്കര്‍ വനഭൂമിയാണ് ആദിവാസികളുടെ കൈവശത്തില്‍. സമരമുഖത്തുള്ള കുടുംബങ്ങളുടെ എണ്ണം 500നടുത്തുവരും. മൂന്നാനക്കുഴി, ചീയമ്പം സമരകേന്ദ്രങ്ങളിലാണ് കൂടുതല്‍ ആദിവാസി കുടുംബങ്ങളുള്ളത്.നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി, പേരിയ, ബേഗൂര്‍ റേഞ്ചുകളിലായി 332 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയാണ് ആദിവാസി കുടുംബങ്ങള്‍ കൈയേറിയത്. മാനന്തവാടി റേഞ്ചില്‍ മക്കിയാട് തുമ്പശേരി, ചമോലി, നെല്ലേരി, പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി എന്നിവിടങ്ങളിലാണ് ആദിവാസി ഭൂസമരം. ബേഗൂര്‍ റേഞ്ചില്‍ കല്ലോടുകുന്ന്, തവിഞ്ഞാല്‍, പിലാക്കാവ്, താരാട്ട്, പഞ്ചാരക്കൊല്ലി, റസല്‍, അമ്പുകുത്തി, പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ്, മക്കിമല, പൊയില്‍, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, കുമാരമല എടപ്പടി എന്നിവിടങ്ങളിലാണ് ഭൂസമരം. പേരിയ റേഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാന്‍കുന്ന്, അയ്യാനിക്കല്‍, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക്, കരിമാനി, എടത്തന, കൊല്ലങ്കോട്, നാല്‍പ്പത്തിയൊന്നാം മൈല്‍, ഇല്ലത്തുമൂല, പണിക്കര്‍കുഴിമല, വരയാല്‍ കരിമാനി, കണിപ്പുര ചമ്പക്കുന്ന് എന്നിവിടങ്ങളിലും വനം കൈയേറ്റം നടന്നു. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ വിവിധ കേന്ദ്രങ്ങളിലായി 1500 ഓളം ആദിവാസികളാണ് സമരത്തിനിറങ്ങിയത്.കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ജൂലൈയില്‍ നോര്‍ത്ത് വയനാട് ഡിവിഷനില്‍ 1,287 കുടിലുകള്‍ വനപാലകര്‍ പൊളിച്ചുനീക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 826 പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. എന്നാല്‍ ആദിവാസികള്‍ ജാമ്യം ലഭിച്ച മുറയ്ക്കു സമരകേന്ദ്രങ്ങളില്‍ തിരിച്ചെത്തി. ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. കൈയേറ്റം ഒഴിപ്പിക്കാന്‍ പിന്നീട് വനം വകുപ്പ് നീക്കം നടത്തിയില്ല.ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ പരിഗണയിലുള്ളതാണ് സമരകേന്ദ്രങ്ങളായി മാറിയ വനപ്രദേശങ്ങളില്‍ അധികവും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ദുരിതം സഹിച്ചാണ് ആദിവാസി കുടുംബങ്ങള്‍ സമരകേന്ദ്രങ്ങളില്‍ തുടരുന്നത്. തട്ടിക്കൂട്ടിയ കുടിലുകളിലാണ് മിക്ക കുടുംബങ്ങളുടെയും താമസം. ആന ഉള്‍പ്പെടെ വന്യജീവികള്‍ വിഹരിക്കുന്നതാണ് സമരഭൂമികളില്‍ പലതും. സമരകേന്ദ്രങ്ങളിലുള്ളവര്‍ക്ക് ഭൂമി അളന്നുതിരിച്ചുനല്‍കുന്നതിനുള്ള കേന്ദ്രാനുമതി നേടിയെടുക്കുന്നതിന് മന്ത്രി എന്ന നിലയില്‍ ഒ.ആര്‍. കേളു ശക്തമായി ഇടപെടുമെന്നാണ് ആദിവാസി സമൂഹം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *