സംസ്ഥാന മന്ത്രിയാകുന്ന നാലാമത്തെ വയനാട് സ്വദേശി

സംസ്ഥാന മന്ത്രിയാകുന്ന നാലാമത്തെ വയനാട് സ്വദേശി

കല്‍പ്പറ്റ: വയനാട്ടില്‍നിന്നു സംസ്ഥാന മന്ത്രിപദത്തില്‍ എത്തുന്ന നാലാമത്തെ വ്യക്തിയാണ് തിരുനെല്ലി പഞ്ചായത്തില്‍നിന്നുള്ള ഒ.ആര്‍. കേളു. ജില്ലയില്‍നിന്നുള്ള പ്രഥമ സിപിഎം മന്ത്രി എന്ന ഖ്യാതിയും പട്ടികവര്‍ഗത്തിലെ കുറിച്യ സമുദായത്തില്‍നിന്നുള്ള കേളുവിനു സ്വന്തമാകും.എം.പി. വീരേന്ദ്രകുമാര്‍, കെ.കെ. രാമചന്ദ്രന്‍, പി.കെ. ജയലക്ഷ്മി എന്നിവരാണ് മുമ്പ് സംസ്ഥാന മന്ത്രിസഭയില്‍ ഇടംപിടിച്ച വയനാട്ടുകാര്‍. 1982ലെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്ന എം. കമലം കല്‍പ്പറ്റ മണ്ഡലത്തില്‍നിന്നാണ് നിയമസഭയില്‍ എത്തിയതെങ്കിലും വയനാട് സ്വദേശിനിയല്ല.എം.പി. വീരേന്ദ്രകുമാറാണ് ജില്ലയില്‍നിന്നുള്ള ആദ്യ സംസ്ഥാന മന്ത്രി. 1987 ഏപ്രില്‍ രണ്ടിന് വനം മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം ദിവസങ്ങള്‍ക്കുള്ളില്‍ രാജിവയ്ക്കുകയായിരുന്നു. വീരേന്ദ്രകുമാര്‍ പിന്നീട് കേന്ദ്ര മന്ത്രിസഭകളിലും ഇടം പിടിച്ചു. ദേവഗൗഡ മന്ത്രിസഭയില്‍ 1997 ഫെബ്രുവരി 21 മുതല്‍ ജൂണ്‍ ഏഴു വരെ ധന സഹമന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് ഐ.കെ. ഗുജറാള്‍ മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള തൊഴില്‍മന്ത്രിയായിരുന്നു.കോണ്‍ഗ്രസ് നേതാവായ കെ.കെ. രാമചന്ദ്രന്‍ 1995-96ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്നു. 2004-06ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തതും അദ്ദേഹമാണ്. 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭാംഗമായിരുന്നു വടക്കേ വയനാട്ടില്‍നിന്നുള്ള പി.കെ. ജയലക്ഷ്മി. പട്ടികവര്‍ഗത്തിലെ കുറിച്യ വിഭാഗത്തില്‍നിന്നുള്ള അവര്‍ പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പാണ് കൈകാര്യം ചെയ്തത്. 2016ലെ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍ ജയലക്ഷ്മിയെ 1,307 വോട്ടിന് പരാജയപ്പെടുത്തിയാണ് ഒ.ആര്‍. കേളു ആദ്യമായി നിയമസഭയിലെത്തിയത്. 2021ല്‍ ജയലക്ഷ്മിയെ നേരിട്ട കേളു ഭൂരിപക്ഷം 9,282 വോട്ടായി വര്‍ധിപ്പിച്ചു.കര്‍ഷക കുടുംബാംഗമാണ് 54കാരനായ കേളു. നിലവില്‍ സിപിഎം സംസ്ഥാന സമിതിയംഗവും ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുമാണ്. സിപിഎം കാട്ടിക്കുളം ലോക്കല്‍ കമ്മിറ്റി അംഗം, മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പത്താം ക്ലാസില്‍ പഠിപ്പുനിര്‍ത്തി ഉപജീവനത്തിനു കൂലിപ്പണിയെടുത്തിയിരുന്ന കേളു രണ്ടര പതിറ്റാണ്ടുമുമ്പാണ് പൊതുരംഗത്ത് സജീവമായത്. 2000ല്‍ തിരുനെല്ലി പഞ്ചായത്ത് ഭരണ സമിതിയിലെത്തിയ അദ്ദേഹം പിന്നീട് പഞ്ചായത്ത് പ്രസിഡന്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗവുമായി. പ്രദേശിക സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് 2016ല്‍ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്. കാട്ടിക്കുളം ഓലഞ്ചേരി പുത്തന്‍മിറ്റം രാമന്‍-അമ്മു ദമ്പതികളുടെ മകനാണ്. ഭാര്യ ശാന്തയും മിഥുന, ഭാവന എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *