മോഷണം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

മോഷണം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

സുല്‍ത്താന്‍ബത്തേരി: വീട് കുത്തിത്തുറന്ന് 15 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ടൗണിലെ സിഎം ഫിഷറീസ് ഉടമ മലപ്പുറം കൂരിമണ്ണില്‍ പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കോട്ടക്കുന്നിനു സമീപം ഗീതാഞ്ജലി പമ്പിനു എതിര്‍വശത്താണ് വീട്. കിടപ്പുമുറിയില്‍ ഇരുമ്പുമേശയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇന്നു പുലര്‍ച്ചെ നാലിനുശേഷമാണ് സംഭവം. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്തുകടന്നത്. അബ്ദുള്‍ അസീസിന്റെ മകന്‍ മുഹമ്മദ് ജൗഹറും ജീവനക്കാരുമാണ് വീട്ടില്‍ താമസം. പുലര്‍ച്ചെ നാലോടെയാണ് ഇവര്‍ മത്സ്യ മാര്‍ക്കറ്റിലേക്ക് പോയത്. മാര്‍ക്കറ്റില്‍നിന്നു മൈസൂരുവിലേക്ക് മത്സ്യവുമായി പോകുന്നതിനിടെ ജീവനക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതില്‍ തുറന്നുകിടക്കുന്നതു കണ്ടത്. പന്തികേടുതോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നുവെന്ന് വ്യക്തമായത്. മുഹമ്മദ് ജൗഹറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *