എഐ സ്മാര്‍ട്ട് ഫെന്‍സിംഗ് വിജയമെന്നുകണ്ടാല്‍ വ്യാപകമാക്കും: വനം മന്ത്രി

എഐ സ്മാര്‍ട്ട് ഫെന്‍സിംഗ് വിജയമെന്നുകണ്ടാല്‍ വ്യാപകമാക്കും: വനം മന്ത്രി

ഇരുളം ചേലക്കൊല്ലിയിലെ എഐ സ്മാര്‍ട്ട് ഫെന്‍സിംഗ് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശിക്കുന്നു.

കല്‍പ്പറ്റ: വന്യജീവി പ്രതിരോധത്തിനു സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം സെക്ഷനില്‍പ്പെട്ട പാമ്പ്ര ചേലക്കൊല്ലിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന എഐ സ്മാര്‍ട്ട് ഫെന്‍സിംഗ് വിജയമെന്നുകണ്ടാല്‍ വ്യാപകമാക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. നിര്‍മാണത്തിലുള്ള സ്മാര്‍ട്ട് ഫന്‍സിംഗ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം വ്യാപിപ്പിക്കും. ഫലപ്രദമായ ആശയവിനിമയ സംവിധാനം സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ചേലക്കൊല്ലിയില്‍ സ്മാര്‍ട്ട് ഫെന്‍സിംഗ് സ്ഥാപിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.ചേലക്കൊല്ലിയില്‍ ആനകള്‍ സ്ഥിരമായി ഇറങ്ങുന്ന ചതുപ്പുഭാഗത്ത് 70 മീറ്റര്‍ നീളത്തിലാണ് സ്മാര്‍ട്ട് വേലി നിര്‍മിക്കുന്നത്. ഏകദേശം 70 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. 50 മീറ്റര്‍ പരിധിയില്‍ വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാനും മുന്നറിയിപ്പ് നല്‍കാനുമുള്ള സംവിധാനം സ്മാര്‍ട്ട് വേലിയുടെ ഭാഗമാണ്.പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് നബാര്‍ഡ് 25 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. കൃഷി, വനം വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുക. പദ്ധതി വിഹിതത്തില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. പദ്ധതിയില്‍ കൂടുതല്‍ തുക വയനാടിനു വകയിരുത്തിയിട്ടുണ്ട്.പട്ടികവര്‍ഗ ക്ഷേമത്തിനു ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *