പോളിന്റെ മൃതദേഹം ആംബുലന്‍സില്‍നിന്നു ഇറക്കിയില്ല

 Read Time:2 Minute, 21 Second

പുല്‍പള്ളി: വെള്ളിയാഴ്ച രാവിലെ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം പുല്‍പള്ളി ടൗണില്‍നിന്നു ഉച്ചകഴിഞ്ഞ് പാക്കത്ത് എത്തിച്ചെങ്കിലും ആംബുലന്‍സില്‍നിന്നു ഇറക്കിയില്ല. മൃതദേഹവുമായി പുല്‍പള്ളി ബസ് സ്റ്റാന്‍ഡില്‍ നടന്ന സമരത്തെത്തുടര്‍ന്നു നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പോളിന്റെ കുടുംബത്തിനു ലഭ്യമാക്കിയതിനുശേഷമേ മൃതദേഹം ആംബുലന്‍സില്‍നിന്നു ഇറക്കി വീട്ടിലേക്ക് മാറ്റൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. പോളിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയവരടക്കം നൂറുകണക്കിനാളുകളാണ് പാക്കത്തുള്ളത്. പുല്‍പള്ളിയില്‍ സമരത്തില്‍ പങ്കെടുത്തവരും പാക്കത്ത് എത്തിയിട്ടുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍ ക്രമീകരണം ഒരുക്കിയാണ് മൃതദേഹം പാക്കത്ത് എത്തിച്ചത്. പോളിന്റെ മരണം, അമ്പത്താറില്‍ കടുവ ആക്രമണത്തില്‍ മൂരിക്കുട്ടന്‍ ചത്ത സംഭവം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനു പുല്‍പള്ളിയില്‍ എത്തിയ ജനങ്ങളില്‍ ഒരു വിഭാഗം ടൗണില്‍ തങ്ങുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ടൗണില്‍ കനത്ത തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ജില്ലയില്‍ ഇടത്, വലത് മുന്നണികളും ബി.ജെ.പിയും വെവ്വേറെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

Leave a Reply

Your email address will not be published. Required fields are marked *