വന്യമൃഗ ആക്രമണം; യാക്കോബായ സഭ പ്രതിഷേധ സംഗമം ഞായറാഴ്ച

വന്യമൃഗ ആക്രമണം; യാക്കോബായ സഭ പ്രതിഷേധ സംഗമം ഞായറാഴ്ച

മീനങ്ങാടി: വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യ ജീവനകൾ നഷ്ടപ്പെടുമ്പോൾ നിസംഗത പാലിക്കുന്ന ഭരണ സംവിധാനത്തിനെതിരെ യാക്കോബായ സഭ മലബാർ ഭദ്രാസനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരാഴ്ചക്കിടെ രണ്ട് ജീവനകളാണ് പൊലിഞ്ഞത്. കൃഷി നശിപ്പിക്കുന്നത് തുടരുന്നതോടൊപ്പം മനുഷ്യ ജീവനുകൾ കൂടെ നഷ്ടപ്പെടുന്നത് അത്യന്തം വേദനാജനകമാണ്. ഇനിയെങ്കിലും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വേർതിരിവിന് ഭരണകൂടവും ,നിയമ പാലകരും ഉണരേണ്ടതുണ്ട്. ഇല്ലെങ്കിൽ പുതിയ തരം പ്രക്ഷോഭങ്ങൾക്ക് സഭക്ക് നേതൃത്വം നൽകേണ്ടി വരും.ഓരോ മനുഷ്യ ജീവനും നഷ്ടപ്പെടുമ്പോൾ നൽകുന്ന താൽക്കാലിക സാമ്പത്തിക ആശ്വാസങ്ങൾ ഇക്കാര്യത്തിൽ സ്ഥിര പരിഹാരമല്ല. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒരു പോലെ ജീവന് വില കൽപ്പിച്ചാൽ മാത്രമെ പ്രശ്നങ്ങൾക്ക് ശമനമുണ്ടാകൂ. വിദേശ രാജ്യങ്ങൾ ഇക്കാര്യങ്ങളിലെടുത്ത നടപടികൾ വയനാട്ടിലും നടപ്പിലാക്കണം. ഇല്ലെങ്കിൽ കുടിയേറ്റ നാട് എന്നെന്നേക്കും പ്രക്ഷുബന്ധ ഭൂമിയാകും. അടിയന്തിരമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം യാക്കോബായ സഭ മലബാർ ഭദ്രാസനം ഈ നാടിനും ജനങ്ങൾക്കും വേണ്ടി ശക്തമായ പ്രതിഷേധ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്ന് മലബാർ ഭദ്രാസന മെത്രാ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മീനങ്ങാടി ഭദ്രാസന ആസ്ഥാനത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ പ്രസ്താവിച്ചു.കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളിൻ്റെ നിര്യാണത്തിൽ യാക്കോബായ സുറിയാനി സഭ മലബോർ ഭദ്രാസനം അനുശോചിച്ചു. 18-ാം തിയ്യതി ഞായറാഴ്ച മലബാർ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും പ്രതിഷേധ സംഗമങ്ങൾനടത്തുവാൻ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ . മത്തായി അതിരംപുഴയിൽ , വൈദിക സെക്രട്ടറി ഫാ ജെയിംസ് വൻമേലിൽ, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ ജോയിൻ്റ് സെക്രട്ടറി ബേബി വാളങ്കോട്ട് ജെക്സ് സെക്രട്ടറി ജോൺസൻ കൊഴാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *