മാനന്തവാടിയില്‍ റോഡ് ഉപരോധം

 Read Time:1 Minute, 52 Second

മാനന്തവാടിയില്‍ ആള്‍ക്കൂട്ടം റോഡ് ഉപരോധിക്കുന്നു.

മാനന്തവാടി: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ പയ്യമ്പള്ളി ചാലിഗദ്ദ പനിച്ചിയില്‍ അജി(47)കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജനക്കൂട്ടം നഗരത്തില്‍ റോഡ് ഉപരോധം. അജിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം നഗരത്തിലേക്ക് നീങ്ങി റോഡ് ഉപരോധം ആരംഭിക്കുകയായിരുന്നു. വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം, അജിയുടെ കുടുംബത്തിനു തക്കതായ സമാശ്വാസധനം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇക്കാര്യങ്ങളില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഉറപ്പുനല്‍കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ജനം. നഗരത്തില്‍ ഒ.ആര്‍. കേളു എംഎല്‍എയുടെ വാഹനം ആള്‍ക്കൂട്ടം തടഞ്ഞു. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്നു രാവിലെയാണ് അജി സമീപവാസിയുടെ വീട്ടുവളപ്പില്‍ ആനയുടെ ആക്രമണത്തിനു ഇരയായത്. വീടിന്റെ ഗേറ്റും മതിലും തകര്‍ത്താണ് ആന അകത്തുകടന്നത്. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭയിലെ കുറക്കന്‍മൂല, പയ്യമ്പള്ളി, കുറുവ, കാടന്‍കൊല്ലി പ്രദേശങ്ങളില്‍ നിരോധനാജ്ഞ ബാധകമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *