ആടുകളെ മോഷ്ടിച്ച സംഘം പിടിയില്‍

 Read Time:2 Minute, 22 Second

തലപ്പുഴ: ആടുകളെ വാങ്ങി, പോറ്റി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ ആടുകളെ മോഷ്ടിച്ച നാല് പേരെ തലപ്പുഴ പോലീസ് പിടികൂടി. പേരിയ മുള്ളല്‍, ആലാറ്റില്‍ പ്രദേശങ്ങളില്‍ നിന്നായി പകല്‍ സമയങ്ങളില്‍ നാല് ആടുകളെ മോഷ്ടിച്ച കണ്ണൂര്‍, അടക്കാത്തോട് സ്വദേശികളായ പുതുപറമ്പില്‍ സക്കീര്‍(35), ഉമ്മറത്തുപുരയില്‍ ഇബ്രാഹിം(54) മരുതോങ്കല്‍ ബേബി(60), നൂല്‌വേലില്‍ ജാഫര്‍(23), എന്നിവരെയാണ് തലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ അരുണ്‍ഷായും സംഘവും അറസ്റ്റ് ചെയ്തത്. ആലാറ്റില്‍ സ്വദേശിയുടെ പറമ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ 2023 ഡിസംബര്‍ അഞ്ചിനാണ് സക്കീറും ഇബ്രാഹിം ചേര്‍ന്ന് മോഷ്ടിച്ചത്. ഫെബ്രുവരി ഒന്നിനാണ് മുള്ളല്‍ സ്വദേശിയുടെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിരുന്ന 45000 രൂപ വില വരുന്ന രണ്ട് വലിയ ആടുകളെ സക്കീറും, ജാഫറും, ബേബിയും ചേര്‍ന്ന് മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും. മോഷണത്തിനുപയോഗിച്ച ഓട്ടോറിക്ഷയും, ഗുഡ്സ് വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മറ്റിടങ്ങളില്‍ നിന്നും മോഷണം നടത്തിയിട്ടുണ്ടോയെന്നുള്ള കാര്യവും മറ്റും പോലീസ് അന്വേഷിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. എസ്.ഐ വിമല്‍ ചന്ദ്രന്‍, എസ്സിപിഒമാരായ എ.ആര്‍ സനില്‍, വി.കെ രഞ്ജിത്ത്, സിപിഒ അല്‍ത്താഫ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *