ബി.ജെ.പി പദയാത്ര 30ന് വയനാട്ടില്‍

 Read Time:5 Minute, 54 Second

ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി. മധുവും(വലത്) എന്‍.ഡി.എ ജില്ലാ കണ്‍വീനര്‍ എം. മോഹനനും കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍.

*മോഡിയുടെ ക്ഷേമ പദ്ധതികള്‍ കേരളത്തിലും ജനങ്ങളെ സ്വാധീനിച്ചു

കല്‍പറ്റ-‘മോഡിയുടെ ഗാരന്റി-പുതിയ കേരളം’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ 30ന് വയനാട്ടില്‍ പദയാത്ര നടത്തും. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും നടത്തുന്ന യാത്രയുടെ ഭാഗമായാണിത്. ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍നിന്നു മുട്ടിലിലേക്കാണ് പദയാത്രയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, എന്‍.ഡി.എ ജില്ലാ കണ്‍വീനര്‍ എം.മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദയാത്രയെ ബി.ജെ.പി-എന്‍.ഡി.എ സംസ്ഥാന, ജില്ലാ നേതാക്കളടക്കം 15,000 ഓളം പേര്‍ അനുഗമിക്കും.
കഴിഞ്ഞ 10 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷമ പദ്ധതികളാണ് മോഡിയുടെ ഗാരന്റിയായി ബി.ജെ.പി പ്രഖ്യാപിക്കുന്നത്. വിവിധ പാര്‍ട്ടികളില്‍നിന്നു ഇതിനകം രാജിവച്ചവരടക്കം നിരവധിയാളുകള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പാര്‍ട്ടി ദേശീയ നേതാക്കളടക്കം പങ്കെടുക്കുന്ന പദയാത്ര ഉദ്ഘാടനച്ചടങ്ങില്‍ സ്വീകരണം നല്‍കും. വൈകുന്നേരം ആറിന് മുട്ടിലില്‍ ചേരുന്ന പദയാത്ര സമാപന സമ്മേളത്തിലും ദേശീയ നേതാക്കള്‍ പങ്കെടുക്കും.
ജാതി, മതം, ഭാഷ എന്നിവയുടെ അതിര്‍വരമ്പുകളില്ലാതെ ക്ഷേമ പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാന്‍ മോഡി സര്‍ക്കാരിനു കഴിഞ്ഞു. ചെറുകിട കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, അഞ്ചു ലക്ഷം രൂപ വരെ ചികിത്സാസഹായം നല്‍കുന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി, 80 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍, നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് സഹായധനം നല്‍കുന്ന പ്രധാനമന്ത്രി സ്വനിധി പദ്ധതി, വിശ്വകര്‍മ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കുലത്തൊഴില്‍ വികസിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി വിശ്വകര്‍മ യോജന, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപരിപഠനത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന, പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്ന സ്ത്രീകള്‍ക്കുള്ള മാതൃവന്ദന യോജന, വ്യാപാരികള്‍ക്ക് സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് അര ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായപ നല്‍കുന്ന പ്രധാനമന്ത്രി മുദ്ര യോജന, എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ ആവിഷ്‌കരിച്ച ജല്‍ ജീവന്‍ പദ്ധതി, എല്ലാ വീടുകളിലും വൈദ്യുതി നടപ്പാക്കിയ ദീന്‍ ദയാല്‍ ഉപാധ്യായ ജ്യോതി ഉജ്വല്‍ പദ്ധതി, വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ആവിഷ്‌കരിച്ച പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയവ കേരളത്തിലും ജനജീവിതത്തെ സ്വാധീനിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസക്കൂലി 303 രൂപയായി വര്‍ധിപ്പിച്ചത് മോഡി സര്‍ക്കാരാണ്. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം വര്‍ധിപ്പിച്ചതും അങ്കണവാടി കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ വിദ്യാര്‍ഥിനികള്‍ക്കും പോഷകാഹാരം ലഭ്യമാക്കിയതും ആരോഗ്യ മേഖലയില്‍ മാറ്റത്തിനു കാരണമായി. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഉജ്വല്‍ യോജനയില്‍ ഗ്യാസ് കണക്ഷന്‍ സൗജന്യമായി ലഭിച്ചത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനു സാഹായകമാകുന്ന ആറുവരി പാതകളുടെ പ്രവൃത്തി വേഗതയില്‍ നടന്നുവരികയാണ്. രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ സംസ്ഥാനത്തിനു അനുവദിച്ചു. കേരളം ആവശ്യപ്പെടാതെയായിരുന്നു ഇത്.
ആസ്പിരേഷണല്‍ ജില്ല എന്ന നിലയില്‍ വയനാടിന് അനുവദിച്ച തുക സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും വേണ്ടവിധം കൈകാര്യം ചെയ്തിട്ടുണ്ടോ എന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മധുവും മോഹന്‍ദാസും പറഞ്ഞു. വയനാട് എം.പി എന്ന നിലയില്‍ രാഹുല്‍ഗാന്ധിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *