ദേശീയ ബാലികാ ദിനാചരണം നടത്തി

 Read Time:3 Minute, 16 Second

ദേശീയ ബാലികാ ദിനാചരണത്തിൻ്റെ ഭാഗമായി തിരുനെല്ലി ക്ഷേത്രപരിസരത്ത് നടത്തിയ ഫ്ളാഷ് മോബ്

കൽപറ്റ: ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെ തിരുനെല്ലി ഗവ. ആശ്രമം ഹൈസ്‌ക്കൂളില്‍ ദേശീയ ബാലികാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കലക്ടര്‍ ഡോ രേണുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് ഓരോ ബാലികാ ദിനാചരണവും നല്‍കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കായിക മേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. ദിനാചരണ പരിപാടികളുടെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. ട്രെയിനര്‍ പി നുഹ്‌മാന്‍ ഹാപ്പിലൈഫ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പരിപാടികളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്രത്തിന് സമീപം ബാലിക സംരക്ഷണ സന്ദേശ ക്യാന്‍വാസ് ഒരുക്കി. തുടര്‍ന്ന് ഫ്ളാഷ് മോബ്, ബാലിക ദിന സന്ദേശ കൂട്ടയോട്ടം എന്നിവ നടന്നു. തിരുനെല്ലി ക്ഷേത്രപരിസരത്ത് നിന്നും ആശ്രമം സ്‌കൂളിലേക്ക് നടത്തിയ കൂട്ടയോട്ടം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറിയ. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനം ഉള്‍പ്പടെയുള്ള തിന്‍മകള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായിട്ടാണ് ദിനാചരണം നടത്തുന്നത്. സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ അജീഷ്, കെ ദേവകി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, വാര്‍ഡ് മെമ്പര്‍ പി.എന്‍ ഹരീന്ദ്രന്‍, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ജെ മോഹനദാസ്, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി ഇസ്മയില്‍, ഗവ.ആശ്രമം ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപിക കെ.കെ കവിത, സീനിയര്‍ സൂപ്രണ്ട് ജയന്‍ നാല്പുരക്കല്‍, വനിത ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *