ചാക്കുകളില്‍ പാടത്ത് സൂക്ഷിച്ച നെല്ല് കാട്ടാന നശിപ്പിച്ചു

 Read Time:1 Minute, 36 Second

മാനന്തവാടി: മെതിച്ച് ചാക്കുകളിലാക്കി പാടത്ത് സൂക്ഷിച്ച നെല്ല് കാട്ടാന നശിപ്പിച്ചു. പയ്യമ്പള്ളി തഴുവകല്ലേല്‍ പീറ്ററിന്റെ നെല്ലാണ് ഞായറാഴ്ച രാത്രി നശിപ്പിച്ചത്. പാടത്ത് 36 ചാക്കിലാണ് നെല്ല് സൂക്ഷിച്ചിരുന്നത്. ഇതില്‍ 10 ചാക്ക് നെല്ലാണ് അവശേഷിക്കുന്നത്. ഒറ്റ രാത്രിയില്‍ പീറ്ററിന്റെയും കുടുംബത്തിന്റെയും ഒരു വര്‍ഷത്തെ അധ്വാനഫലമാണ് പാഴായത്. 80,000 രൂപയുടെ നഷ്ടമുണ്ടെന്നു പീറ്റര്‍ പറഞ്ഞു.
പാട്ടത്തിനെടുത്ത വയലിലാണ് പീറ്റര്‍ കൃഷി ഇറക്കിയത്. മെതിച്ച് ചാക്കുകളിലാക്കിയ നെല്ല് വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് വിളിച്ച ട്രാക്ടര്‍ വയലില്‍ കുടുങ്ങി. ഇതേത്തുടര്‍ന്ന് ചാക്കുകള്‍ ടാര്‍പോളിന്‍ ഷീറ്റിനു മൂടിയിടുകയായിരുന്നു. കൂടല്‍ക്കടവിലൂടെയാണ് ആന പാടത്ത് എത്തിയത്. ചാക്കുകളില്‍ നിറച്ച നെല്ല് ആന നശിപ്പിക്കുന്നത് പ്രദേശത്ത് ആദ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ വനപാലകര്‍ ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *